
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു പുനർവിവാഹിതയായി എന്ന പ്രചാരണം സൈബർ ലോകത്ത് സജീവമാണ്. രേണു വധുവിന്റെ വേഷമണിഞ്ഞ വിവാഹ ചിത്രം സഹിതമാണ് പ്രചാരണം. എന്നാൽ, പ്രചരിക്കുന്നത് ഒരു ഫോട്ടോഷൂട്ട് ചിത്രമാണെന്ന് വെളിപ്പെടുത്തുകയാണ് ഫോട്ടോയിലെ വരന്റെ വേഷമിട്ട ഡോക്ടർ മനു ഗോപിനാഥൻ. ആയുർവേദ ഡോക്ടറും സൈക്കോളജി കൺസൾട്ടന്റുമാണ് മനു ഗോപിനാഥൻ.
ആദ്യം ഈ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തിരുന്നത് നടിയും അവതാരകയുമായ അനുവിനെ മോഡൽ ആക്കിയായിരുന്നെന്നും മനു പറയുന്നു. അവർ പിന്മാറിയതുകൊണ്ടാണ് രേണു സുധിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രേണു സുധി ഇപ്പോൾ പ്രശസ്തയായ ഒരു മോഡലാണ്. രേണുവിനൊപ്പം ഫോട്ടോ ഷൂട്ട് ചെയ്താൽ വൈറലാകും എന്നുള്ളതുകൊണ്ടാണ് രേണുവിനെ കാസ്റ്റ് ചെയ്തത് എന്ന് ഡോ. മനു പറയുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഡലിങിലൂടെ സീരിയലിലും സിനിമകളിലും സജീവമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മനു പറയുന്നു.











